ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുർവ്വിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബിജെപിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയ സുപ്രിംകോടതി തീരുമാനം. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഒന്നായി ഈ വിധി മാറും. എതിർ ശബ്ദങ്ങളെ അടിച്ചമർത്തി ഒരു സമഗ്രാധിപത്യ ശക്തിക്കും എന്നേക്കുമായി മുന്നോട്ടു പോകാനാവില്ല. തെരഞ്ഞെടുപ്പു ഘട്ടത്തിൽ തന്നെ പ്രതിപക്ഷ മുഖ്യമന്ത്രിയെ തുറുങ്കിലടച്ച് അദ്ദേഹത്തിൻ്റെ ശബ്ദം അടിച്ചമർത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെയാണ് ബിജെപി സർക്കാർ കുഴിച്ചു മൂടാൻ നോക്കിയത്. ജനങ്ങളെ വിശ്വാസത്തിലെടുത്തും ജനങ്ങളോട് നേരിട്ട് സംവദിച്ചും തെരഞ്ഞെടുപ്പിനെ നേരിടാൻ നരേന്ദ്ര മോഡി സർക്കാരിന് ഭയമാണ്. പകരം വർഗീയ വിദ്വേഷം അഴിച്ചു വിട്ടും അമിതാധികാരം പ്രയോഗിച്ചും പ്രതിപക്ഷത്തെ നിശബ്ദമാക്കിയും ജനവികാരത്തെ മാറ്റിമറിക്കാമെന്ന വ്യാമോഹത്തിനാണ് പരമോന്നത കോടതി ആഘാതമേല്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ബിജെപിയുടെ നിലപരുങ്ങലിലാവുകയാണ്. അത് തിറിച്ചറിയുമ്പോഴുള്ള വിഭ്രാന്തിയാണ് സമീപ നാളുകളിൽ പുറത്തുവരുന്നത്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നീക്കങ്ങൾ ജുഡീഷ്യൽ പരിശോധനയെ അതിജീവിക്കില്ല എന്നതിന്റെ സൂചന കൂടിയാണ് ഈ വിധി. ഇഡിയെപോലുള്ള ഏജൻസികളെ രാഷ്ട്രീയ ആയുധമായി മാറ്റുന്നതിനോടുള്ള എതിർപ്പ് കൂടിയാണ് വിധിയിൽ തെളിയുന്നത്. ശ്രീ അരവിന്ദ് കെജ്‌രിവാളിന് ജയിൽ മോചിതനായി ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ കൂടുതൽ ഊർജ്ജസ്വലമായി മുന്നേറാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു. സ. പിണറായി വിജയൻ മുഖ്യമന്ത്രി
Posted on 2024-05-12 08:39:26
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഒരു ഗഡു മാര്‍ച്ച് 15 ന് വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും. ഏപ്രില്‍ മുതല്‍ അതാതു മാസം പെന്‍ഷന്‍ വിതരണത്തിനുള്ള നടപടികള്‍ ഉറപ്പാക്കും. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നത് തുടരുകയാണ്. നികുതി വിഹിതവും മറ്റ് വരുമാനങ്ങളും നിഷേധിച്ചും, അര്‍ഹതപ്പെട്ട കടമെടുക്കാനുള്ള അനുവാദം തരാതെയും ഞെക്കിക്കൊല്ലാനാണ് ശ്രമം. അതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയില്‍ ഹര്‍ജി കൊടുത്തതിന്റെ പേരില്‍ സാമ്പത്തിക വര്‍ഷാവസാനം എടുക്കാനാകുന്ന വായ്പയ്ക്കും കേന്ദ്രം തടസമുണ്ടാക്കുന്ന സ്ഥിതിയുണ്ടായി. എന്നിട്ടും ക്ഷേമ പെന്‍ഷന്‍ അടക്കം ജനങ്ങള്‍ക്ക് ആശ്വാസകരമായ പ്രവര്‍ത്തനങ്ങളുമായാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പ്രാധാന്യത്തില്‍തന്നെ പരിഹാരം ഉണ്ടാക്കാനും, അവരുടെ ആശ്വാസ പദ്ധതികള്‍ കൃത്യമായിതന്നെ നടപ്പാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Posted on 2024-03-12 11:37:03
സഹായം ചോദിച്ചുവരുന്നവരെ ആടിയോടിക്കുകയല്ല, ചേർത്തുപിടിക്കുകയാണ് കേരളത്തിന്റെ സംസ്കാരം. ആ കരുതൽ ഉറപ്പാക്കാൻ സർക്കാർ തയ്യാറായിരിക്കുകയാണ്. കുട്ടിയുടെ കുടുംബവുമായി ഫോണിൽ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഉടൻ തന്നെ അവരെ നേരിൽ കാണാനാകുമെന്നും പ്രതീക്ഷിക്കുന്നു. കുട്ടിക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി സ. വീണാ ജോർജ് നേരിട്ട് അവരെ അറിയിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകന് വേണ്ടിയാണ് അപൂര്‍വ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് ആരോഗ്യ വകുപ്പ് നല്‍കുന്നത്. മലയാളിയുടെ സ്നേഹവും കരുതലും ഒരിക്കൽക്കൂടി ലോകത്തിനു മുമ്പിൽ തെളിമയോടെ നിൽക്കുകയാണ്. സ. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം സംസ്ഥാന സെക്രട്ടറി
Posted on 2024-03-04 20:38:37