മെച്ചപ്പെട്ട ജീവിതത്തിനായ്, ശോഭനമായൊരു ഭാവി സ്വപ്നം കണ്ടു അറേബിയയിലേക്കു കുടിയേറിവർ ആണ് പ്രവാസികൾ. നാട് വിട്ടു പോരുമ്പോഴാണല്ലോ നാടും നാടുമായി ബന്ധപ്പെട്ടതിനെയുമൊക്കെ സ്നേഹിച്ചു തുടങ്ങുന്നത്. വിട്ടുപോന്ന നാടിൻറെ മണമുള്ള എല്ലാത്തിനെയും തിരികെ പിടിക്കുവാൻ ഉള്ള ശ്രമങ്ങൾ ഏതു രാജ്യത്തായാലും മലയാളി നടത്തും. അസീറിലും ആ പരിശ്രമങ്ങൾ ഉണ്ടായി. ജാതിമത ചിന്തകൾക്ക് അതീതമായി കൂടെയുള്ള എല്ലാ മനുഷ്യരെയും ചേർത്ത് പിടിച്ചു ഒരുമയുടെ സന്ദേശവാഹകർ ആകാൻ തീരുമാനം എടുത്തു, ഈ ഒരുമയ്ക്കു "അസീർ പ്രവാസി സംഘം" എന്ന പേര് നൽകി 2004 ജൂലൈ 31 നു ഖമീസ് മുഷൈത് കേന്ദ്രമാക്കി ഈ സംഘടന രൂപമെടുത്തു. മനുഷ്യന്റെ നോവുകളിലും പ്രതിസന്ധികളിലും സാന്ത്വനം നൽകി സന്നദ്ധ കലാകായിക സാംസ്കാരിക സംഘടനയായി ഇന്നുമതു പ്രയാണം തുടരുന്നു...
അന്യദേശത്തു പ്രയാസമനുഭവിക്കുന്ന മലയാളികളെ നെഞ്ചോട് ചേർത്ത് അസീർ പ്രവാസി സംഘം താണ്ടിയത് നീണ്ട ഇരുപതു വർഷങ്ങൾ. ഏറെ ആത്മസംതൃപ്തിയോടും അഭിമാനത്തോടെയുമാണ് കഴിഞ്ഞു പോയ കാലയളവിനെ സംഘടന വിലയിരുത്തുന്നത്. അസീർ മേഖലയിൽ ഈ സംഘടനയുടെ സഹായഹസ്തം എത്താത്ത പ്രദേശങ്ങളും മനുഷ്യരും ഇല്ല എന്ന് തന്നെ പറയാം.
പ്രവാസ ലോകത്തെ സാമൂഹിക ജീവിതത്തിൽ പകച്ച് പോയവരുടെ നെഞ്ചകങ്ങളിൽ കാരുണ്യത്തിൻ്റെ കരസ്പർശമേകുമെന്ന പ്രതിജ്ഞ ഏറ്റ് ചൊല്ലി ആയിരങ്ങൾ അസീർ പ്രവാസി സംഘത്തിൽ കണ്ണി ചേർന്നത് സംഘടനക്ക് കരുത്ത് പകർന്നു. പ്രവാസിയുടെ ഹൃദയതുടിപ്പുകൾ തൊട്ടറിഞ്ഞ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി, നാടിൻ്റെ പരിഛേദമായി കലയും സംഗീതവും രാഷ്ട്രീയവും ഫുട്ബോളും സാംസ്കാരീ കവുമെല്ലാം അസീറിൻ്റെ മണ്ണിൽ കെട്ടിപ്പടുത്തു. നാട്ടിലെ ഗ്രാമീണ വിനോദങ്ങളെ തിരിച്ച് പിടിച്ച് ആരവങ്ങളും ആർപ്പുവിളികളുമുയത്തി കടലിനക്കരെ അസീർ പ്രവാസി സംഘം ഒരു മലയാളക്കര സൃഷ്ടിച്ചു.. നാട്ടിലെ ഫുട്ബോൾ മേളകളെ കടത്തിവെട്ടുന്ന കാൽപന്ത് കളികൾ, ആവേശ ജ്വാലകളുയർത്തുന്ന വടംവലി മത്സരങ്ങൾ. കൂടാതെ ചെസ്സും, കാരംസും, കുട്ടികൾക്കും മുതിർന്നവർക്കുമായി കലാ-കായിക മത്സരങ്ങൾക്ക് പുറമേ എഴുത്ത് പരീക്ഷകൾ, നാടിൻ്റെ ഓരോ സ്പന്ദനങ്ങളിലും പ്രവാസികളുടെ അഭിപ്രായം ശേഖരിക്കുവാൻ വിവിധ രാഷ്ട്രീയ പ്രതിനിധികളെ ഒരെ വേദിയിലുരുത്തി സെമിനാറുകളും, കാമ്പയിനുകളും സംഘടിപ്പിച്ചു.
നാട്ടിലെ മഹാമാരികളിലും, പ്രകൃതി ദുരന്തങ്ങളിലും പതറിയ സഹജീവികളെ നെഞ്ചോട് ചേർത്ത് നിർത്താൻ അസീർ പ്രവാസി സംഘം വലിയ ഇടപെടൽ തന്നേ നടത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ സഹായം തന്നെ അസീർ പ്രവാസി സംഘം ശേഖരിച്ചെത്തിച്ചു. നാട്ടിലെ സന്നദ്ധ സേവകരുടെ അഭ്യർത്ഥനകൾ ഉൾക്കൊണ്ട് അസീർ പ്രവാസി സംഘം നടത്തിയ വലിയൊരു പ്രവർത്തനമായിരുന്നു പരപ്പനങ്ങാടിയിലെ അഭയം പാലിയേറ്റിവിന് നൽകിയ ആംബുലൻസും മറ്റ് ആശുപത്രികളിലേക് നൽകിയ ഉപകരണങ്ങളും. പ്രവാസ ജീവിതത്തിനിടയിൽ ജീവൻ വെടിയേണ്ടിവന്ന ഹതഭാഗ്യരുടെ ദേഹങ്ങളെ നാട്ടിലെത്തിച്ചും ഇവിടെ സംസ്കരിച്ചും അസീർ പ്രവാസി സംഘം അതിൻ്റെ മാനുഷിക ധർമ്മം നിറവേറ്റി കൊണ്ടിരിക്കുന്നു. സംഘടനയുമായി ഒത്തൊരുമിച്ച് ഒരു കണ്ണിയായി പ്രയാണം നടത്തുന്നതിനിടയിൽ വേരറ്റുപോയ സഹോദരങ്ങളെ കുറിച്ചുള്ള ഓർമ്മകൾ വലിയ നോവായി നില നിൽക്കുമ്പോഴും അവരുടെ കുടുംബങ്ങളെ ചേർത്ത് പിടിക്കാൻ സംഘടന മറന്നില്ല. കുടുംബനാഥൻ്റെ വിയോഗത്തിൽ ഇനി എങ്ങിനെ മുന്നോട്ട് എന്ന് ചിന്തിച്ച് മനമുരുകുന്ന കുടുംബങ്ങളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരുവാൻ അസീർ പ്രവാസി സംഘം സസമാശ്വാസ ഫണ്ടുകൾ ശേഖരിച്ച് എത്തിച്ച് വരുന്നു.. ഇതിനകം 150 ലേറെ കുടുംബങ്ങളിലേക്ക് ഈ സഹായം എത്തിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരി ലോകമാകെ വ്യാപിച്ച് ഭീതിയിലാണ്ട് നിന്ന ഘട്ടത്തിൽ അസീർ പ്രവാസി സംഘം പതറാതെ അതിൻ്റെ സാമൂഹിക ധർമ്മ പൂർത്തീകരണ ശ്രമങ്ങൾ തുടങ്ങി. ജോലിയും വേതനവുമില്ലാതെ വിഷമഘട്ടത്തിലായ സാധാരണക്കാർക്ക് ഭക്ഷ്യവിഭവങ്ങളുടെ കിറ്റുകൾ എത്തിച്ച് നൽകിയും ആരോഗ്യസ്ഥിതി മോശമായവർക്ക് മരുന്നുകൾ ശേഖരിച്ച് എത്തിച്ച് നൽകിയും, കൊറോണ ബാധിതരായി ഒറ്റപ്പെട്ട് മാനസീക പിരിമുറുക്കം അനുഭവിക്കുന്നവർക്ക് മേഖലയിലെ ആരോഗ്യ പ്രവർത്തകരുടെ സേവനം നൽകിയും സംഘടന ആ ഘട്ടത്തിൽ പ്രവർത്തനസജ്ജമായി. കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസകരിക്കുവാൻ അസീർ പ്രവാസി സംഘം നേതൃത്വപരമായ പങ്ക് വഹിച്ചു.
നിയമപരമായ അറിവുകളില്ലാതേയും വിസ എജൻ്റ്മാരുടെ ചതികളിൽപ്പെട്ടും നിയമക്കുരുക്കിലാണ്ട് പോയ നിരവധി ഇന്ത്യക്കാർക്ക് ലേബർ കോടതികൾ - കോൺസുലേറ്റുകളുടെ ഹെൽപ്പ് ഡെസ്ക്കായി സേവനമനുഷ്ടിക്കുവാനും, കമ്പനികളുമായും സ്പോൺസർമാരുമായി പ്രവാസികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഇടപ്പെട്ട് പ്രശ്ന പരിഹാരം കാണാൻ അസീർ പ്രവാസി സംഘം വലിയ ഇടപെടലുകൾ ആണ് നടത്താറുള്ളത്. നാട്ടിലോട്ട് പോകുവാൻ പ്രയാസമനുഭവിച്ച് പോന്നിരുന്ന ഇതര സംസ്ഥാനക്കാരുൾപ്പെടേയുള്ളവർക്ക് വിമാനടിക്കറ്റുകൾ ഉൾപ്പെടെ സൗജന്യമായി നൽകിയും അസീർ പ്രവാസി സംഘം പ്രവാസികൾക്ക് ഇടയിൽ ഒരു മാതൃക ആയി മാറി.
പ്രവാസികൾക്ക് ആരോഗ്യ കാര്യങ്ങളിൽ സൂക്ഷ്മത പാലിക്കാൻ ലക്ഷ്യമിട്ടും, അവബോധം നൽകുക എന്ന ഉദ്ദേശ്യത്തോടെയും അസീർ പ്രവാസി സംഘത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത് എണ്ണമറ്റ പരിപാടികളായിരുന്നു. വിദഗ്ത ഡോക്ടർമാരെ ഉൾപ്പെടുത്തി വിവിധ മേഖലകളിൽ മെഡിക്കൽ ക്യാമ്പുകൾ ,ബോധവത്ക്കരണ ക്ലാസ്സുകൾ ,ലഘുലേഖാ വിതരണങ്ങൾ എന്നിവ സംഘടിപ്പിച്ചു. ജീവൻ പകുത്ത് നൽകുന്ന രക്താ ദാന സേവനത്തിന് അസീർ പ്രവാസി സംഘത്തിന് പ്രത്യേക സജ്ജീകരണമാണുള്ളത്. സംഘടനക്ക് കീഴിൽ ആ മഹാ കർമ്മത്തിന് സ്വയം സമർപ്പിതരായ നൂറ് കണക്കിന് പ്രവർത്തകർ എപ്പോഴും സജ്ജരാണ്.
ദേശാ ഭാഷ മത വ്യത്യാസങ്ങളില്ലാതെ സ്നേഹവും സൗഹാർദ്ദവും ലക്ഷ്യമിട്ട് അസീർ പ്രവാസി സംഘം കമ്മീസ് സിറ്റി സെൻ്ററിൽ ആയിരങ്ങളെ പങ്കെടുപ്പിച്ച് നടത്തിവരാറുള്ള ഇഫ്ത്താർ സംഗമങ്ങൾ അസീറിലെ മാനവികതയുടെ മുഖം പ്രദർശിപ്പിക്കുന്ന പ്രവർത്തനമാണ്.
സംഘടനാ പ്രവർത്തകരുടെ കുട്ടികൾക്കിടയിൽ ഉന്നത വിജയവും, വിദ്യഭ്യാസവും നേടുന്നവർക്ക് പ്രോത്സാഹനം നൽകുക എന്ന ഉദ്ദേശ്യത്തോടെ അസീർ പ്രവാസി സംഘം " എഡുക്കേഷണൽ എക്സലൻസ് അവാർഡ് നൽകി വരുന്നു .. " അസീർ മേഖലിയിലെ സാമൂഹിക-സാഹിത്യ -ആരോഗ്യ രംഗങ്ങളിലെ മികവുറ്റ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും , അവരുടെ സാമൂഹിക പ്രതിബന്ധതയെ മുൻനിർത്തി, അസീർ പ്രവാസി സംഘം ഓരോ കാലയളവിലും പ്രതിഭാധനരെയും മികച്ച സ്ഥാപനങ്ങളേയും കണ്ടെത്തി "അസീർ പ്രവാസി ശ്രേഷ്ടാ പുരസ്ക്കാരം " എന്ന പേരിൽ പുരസ്ക്കാരം നൽകി വരുന്നു.
ഇരുപത് വർഷത്തിൽ എണ്ണിയാലൊടുങ്ങാത്ത ഇടപെടലുകളും, പ്രവർത്തനങ്ങൾ കൊണ്ടും അസീർ പ്രവാസി സംഘം സമസ്ഥ മേഖലകളിലും സാന്നിദ്ധ്യവും മാതൃകയുമാണ്. ഇനിയും ഏറേ പിന്നിടാനുണ്ടെന്ന ഉത്തമ ബോധ്യം സംഘടനക്കുണ്ട്. അറേബ്യയിലെ പ്രവാസം മലയാളികൾക്ക് പ്രിയമുള്ളതാക്കി മാറ്റുവാനും മലയാളിക്ക് മറ്റുള്ളവർക്ക് പ്രിയമുള്ളവരായി മാറുവാനും അസീർ പ്രവാസി സംഘം നിർവ്വഹിച്ചത് ചരിത്രപരമായ ദൗത്യമായി തന്നേ വിശേഷിപ്പിക്കുന്നു.
അസീർ പ്രവാസി സംഘത്തിൻ്റെ ഇരുപത് വർഷത്തെ ഏടുകൾക്ക് നിറം പകരാൻ സഹായകരമായി വന്ന സ്ഥാപനങ്ങൾ, വ്യക്തികൾ ,സർവ്വോപരി സംഘടനയുടെ പ്രവർത്തകർ ഏവർക്കുമുള്ള നന്ദിയും കടപ്പാടും ഹൃദയപൂർവ്വം രേഖപ്പെടുത്തുന്നു.