Sri. P.T. Kunjumuhammed
M.L.A
കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലമായി അബഹയിൽ പ്രവർത്തിക്കുന്ന അസീർ പ്രവാസി സംഘം അതിന്റെ മികവുറ്റ പ്രവർത്തനം കൊണ്ട് മുന്നേറുകയാണ്. പ്രവാസികളുടെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഒരിടം അസീർ പ്രവാസി അംഗത്തിനുമുണ്ട്. പ്രവാസം പ്രക്രുതി നിയമം ആണ്. ലോകത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ കുടിയേറ്റത്തിന്റെയും പലായനങ്ങളുടെയും കഥകൾ മറച്ചു വയ്ക്കുവാൻ കഴിയില്ല. അതിൽ നിന്നാണ് പുതിയ മാനവികതയും സംസ്കാരവും ലോകക്രമവും രൂപപ്പെട്ടിട്ടുള്ളത്. ചരിത്രത്തെ മുന്നോട്ടു നയിക്കാൻ സഹായിച്ച നിരവധി പ്രഗത്ഭ വ്യക്തികളുടെ ഐതിഹാസിക ജീവിത ക്രമത്തിൽ പ്രവാസം ഒഴിച്ചുകൂടാൻ പറ്റാത്ത ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മഹാത്മാഗാന്ധി തന്റെ പോരാട്ടത്തിന്റെ കളരി ആയി തിരഞ്ഞെടുത്തത് ദക്ഷിണാഫ്രിക്ക ആണ്. അവിടെ ഇന്ത്യക്കാർ ആയ കുടിയേറ്റക്കാർ അനുഭവിക്കുന്ന പീഡനത്തിന് എതിരെ ആണ് ഗാന്ധിജി സമരരംഗം തുറക്കുന്നത്. എങ്ങിനെ നോക്കിയാലും പ്രവാസം അവഗണിച്ചുകൊണ്ട് ഒരു ലോക ചരിത്രം രചിക്കാൻ ആകില്ല. പ്രവാസം ആരുടെയും ഔദാര്യം അല്ല, അത് കുടിയേറ്റക്കാരന്റെയും, സ്വീകരിക്കുന്നവന്റെയും അനിവാര്യത ആണ്. അത് മനസിലാക്കാൻ ഉള്ള ആർജ്ജവം ഉണ്ടാകണം. നിങ്ങള്ക്ക് ഞാൻ സമാധാനം നേരുന്നു, നിങ്ങൾക്കു ഞാൻ സ്വാതന്ത്ര്യം നേരുന്നു. സ്നേഹപൂർവ്വം നിങ്ങളുടെ പി ടി.